2014 നവംബർ 24, തിങ്കളാഴ്‌ച

സി.എഫ്.എല്‍. വിതരണം ഒരു ബാക്കിപത്രം

സി.എഫ്.എല്‍.കളും എഫ്.എല്‍.കളും ഉപയോഗിച്ചശേഷം വലിച്ചെറിയുമ്പോഴുണ്ടാകുന്ന മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ കേന്ദ്രഗവണ്‍മെന്റ് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആഗോളതലത്തില്‍ പല രാജ്യങ്ങളും ഇത്തരത്തില്‍ പല കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നത് മൂന്ന് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് തുല്യമാണ്. ഒരു സാധാരണ ബള്‍ബ് മാറ്റി അവിടെ സി.എഫ്.എല്‍ ഘടിപ്പിക്കുന്നത് നാടിന് ഏകദേശം എട്ടു രൂപ പ്രതിമാസം സംഭാവന നല്‍കുന്നതിന് തുല്യമാണ്. പീക്ക്‌ലോഡ് സമയത്ത് 13 രൂപ മുതല്‍ക്കാണ് വൈദ്യുതി വാങ്ങുന്നത് എന്നും പ്രസ്തുത ബള്‍ബ് ദിവസവും നാലു മണിക്കൂര്‍ ഉപയോഗിക്കുന്നുണ്ട് എന്നും കണക്കാക്കിയാലുള്ള ലാഭമാണിത്. ഇത് ഉപഭോക്താവിന്റെ വൈദ്യുതി ബില്ല്, വൈദ്യുതി ക്ഷാമം, രാജ്യത്തിന്റെ സുരക്ഷിതത്വം, ആഗോളതാപനം എന്നിവയില്‍ വ്യക്തമായി പ്രതിഫലിക്കുന്നു. ഒരു ബള്‍ബ് അണച്ചോ, ഒരു സി.എഫ്.എല്‍ ഉപയോഗിച്ചോ ഓരോരുത്തരും ഈ സംഭാവന രാജ്യത്തിന് നല്‍കേണ്ടതാണ്. ഇത് ലോകത്തിനു തന്നെ മാതൃകയാവുന്ന ഊര്‍ജ്ജസംരക്ഷണ പാതയായി മാറുകയും ചെയ്യും. രണ്ട് സാധാരണ ബള്‍ബുകള്‍ക്കു പകരം രണ്ടു സി.എഫ്.എല്‍ നല്‍കി കേരളമാകെ കെ.എസ്.ഇ.ബി. നടത്തിയ സി.എഫ്.എല്‍ പ്രചാരണം വന്‍വിജയമായി. അപ്പോഴുണ്ടായ വൈദ്യുതി ബില്ലിലെ കുറവ് മനസ്സിലാക്കി ഉപഭോക്താക്കളെല്ലാം ധാരാളം സി.എഫ്.എല്ലുകള്‍ പുറമേ നിന്നും വാങ്ങി ഉപയോഗിച്ചു തുടങ്ങി. വൈദ്യുതി ബോര്‍ഡിന്റെ വൈദ്യുതിക്ഷാമത്തിന് താല്‍ക്കാലികമായ ഒരു പരിഹാരവുമായി. പക്ഷേ, ഇത് ഉറപ്പുവരുത്തുന്നതിനു മുമ്പേതന്നെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്താല്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. കാലാവസ്ഥയില്‍ മാറ്റം വന്നു. ചൂട് കൂടി. വൈദ്യുതിക്ഷാമം പതിവിലും രൂക്ഷമായി തുടരുന്നു. അതുകൊണ്ടുതന്നെ ഈ താല്‍ക്കാലിക പരിഹാരം ശാശ്വതമല്ല. മറ്റെന്തെങ്കിലും പ്രതിവിധി ഉടനടി കണ്ടേ തീരൂ. സി.എഫ്.എല്‍. വിതരണത്തിന്റെ പേരില്‍ കാര്‍ബണ്‍ ക്രെഡിറ്റ്, ആഗോളതലത്തില്‍ കാര്‍ബണ്‍ വ്യാപനം കുറയല്‍, വൈദ്യുതി ബോര്‍ഡിന്റെ വൈദ്യുതിക്ഷാമത്തിന് നേരിയ പരിഹാരം എന്നിവയുണ്ടായി. ഏതായാലും കേരളത്തില്‍ കോടിക്കണക്കിന് സി.എഫ്.എല്ലുകള്‍ ഉപയോഗത്തിലായി. കുറെയെണ്ണം ഇന്ത്യയില്‍ ഉത്പാദിപ്പിച്ചതും ബാക്കി ഇറക്കുമതി ചെയ്തതും. ഇവയെല്ലാം ഒരു വര്‍ഷം ഗ്യാരന്റിയുള്ളതാണ്. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ ഇവ ഫ്യൂസ് ആവും. അപ്പോള്‍ പുതിയ സി.എഫ്.എല്‍. വാങ്ങും. പഴയവ (കേടുവന്നത്) എന്തുചെയ്യും? അവ കുപ്പത്തൊട്ടിയില്‍ കാണും. അല്ലെങ്കില്‍ മണ്ണിലേക്ക് വലിച്ചെറിയും. മുനിസിപ്പാലിറ്റി വണ്ടികള്‍ അവയെ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ എത്തിക്കും. എന്തായാലും എല്ലാ പൊടിയും മണ്ണിലേക്ക് ചേരും. ഓരോ സി.എഫ്.എല്ലിലും വളരെ കുറഞ്ഞ അളവിലാണെങ്കിലും മെര്‍ക്കുറി എന്ന രാസപദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. അവ മണ്ണില്‍ കലരും. ഇത് മാരകമായ ഒരു വിഷപദാര്‍ത്ഥമാണ്. മഴപെയ്യുമ്പോള്‍ ഇവ ഒഴുകി പുഴയിലും കടലിലും ചേരും. അവിടെയുള്ള മത്സ്യങ്ങള്‍ ഇവ അകത്താക്കും. മത്സ്യം ഭക്ഷിക്കുന്ന മനുഷ്യര്‍, നശിച്ചു പോകാതെയിരിക്കുന്ന മെര്‍ക്കുറി എന്ന വിഷം അകത്താക്കും. മനുഷ്യശരീരത്തില്‍ ഇവ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അന്തരീക്ഷത്തില്‍ മീഥൈന്‍ മെര്‍ക്കുറിയുമായി ചേര്‍ന്ന് നമ്മുടെ ശ്വാസവായുവിനെപ്പോലും മലിനീകരിക്കും. നമ്മുടെ ശരീരത്തില്‍ പലതരത്തിലും മാനസികവൈകല്യങ്ങള്‍ മുതല്‍ ശാരീരിക അസ്വസ്ഥതകള്‍വരെ ഉണ്ടാക്കുന്നതും തലമുറകളോളം നീളുന്ന അംഗവൈകല്യങ്ങളും വംശോത്പാദനശേഷിക്കുറവും ഉണ്ടാക്കാവുന്നത്ര അപകടകാരിയാണ് മെര്‍ക്കുറി. ക്രമേണ മരണത്തിന് ഇടയാക്കാവുന്ന അത്രയും വിഷമയമാണ് ചെറിയ തോതില്‍ പോലും അകത്തു പോയാല്‍. ആഗോളതലത്തില്‍ പല രാജ്യങ്ങളും സി.എഫ്.എല്‍.കളും എഫ്.എല്‍.കളും ഉണ്ടാക്കുന്ന മലിനീകരണത്തേക്കുറിച്ച് പഠിക്കാന്‍ പല കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. അവരെല്ലാം ഒരേസ്വരത്തില്‍ ഇതിന്റെ അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഇത് കണക്കുകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന ഭയാനകമായ രീതിയില്‍ മാറിയേക്കാം എന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തരമായി ഇത് നിരോധിക്കണമെന്നു വരെ ചില രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു. ഇനി ഇവയുടെ ഒരു ചെറിയ കണക്കിലേക്ക് വരാം. ഏകദേശം പ്രതിവര്‍ഷം എട്ട് ടണ്ണോളം മെര്‍ക്കുറിയാണ് സി.എഫ്.എല്‍, എഫ്.എല്‍. എന്നിവ നിര്‍മ്മിക്കാനായി ഇന്ത്യ ഉപയോഗിക്കുന്നത്. ഇത്രയും തന്നെ സി.എഫ്.എല്‍. രൂപത്തില്‍ ഇന്ത്യയിലേക്ക് വിദേശത്തുനിന്ന് ഇറക്കുമതിയും ചെയ്യുന്നുണ്ട്. ശരാശരി ഒരു സിറ്റിയില്‍ 400 മില്യന്‍ സി.എഫ്.എല്‍.കളും എഫ്.എല്ലുകളും വിറ്റഴിക്കപ്പെടുന്നുണ്ട്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കകം ഇവയെല്ലാം മണ്ണിലും അന്തരീക്ഷത്തിലും വെള്ളത്തിലും ഇത്ര അളവിലും അതിനേക്കാള്‍ വര്‍ദ്ധനവോടെയും മണ്ണിലെത്തിയാല്‍ നാം എത്ര വലിയ അപകടത്തിലാണ് നില്‍ക്കുന്നത് എന്ന് ചിന്തിക്കുക. ഭാവിയില്‍ നമുക്കും അടുത്ത തലമുറയ്ക്കും നാം എന്ത് ക്രൂരതയാണ് ചെയ്തുകൂട്ടുന്നത് എന്ന് ഓര്‍ക്കുക. മുമ്പേ പറഞ്ഞ കമ്മിറ്റികളുടെ കണക്കനുസരിച്ച് 11 ടണ്ണിന് മുകളില്‍ പ്രതിവര്‍ഷം മണ്ണില്‍ ചേരുന്ന മെര്‍ക്കുറി പല തരത്തില്‍ മനുഷ്യശരീരത്തില്‍ എത്തുമ്പോള്‍ അവ കണക്കുകളേക്കാള്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്താനിടയുണ്ട്. ഒരുപക്ഷേ, ഇത് ആഗോളതാപനത്തേക്കാളോ, വൈദ്യുതി ഉത്പാദനത്തിനുപയോഗിക്കുന്ന ന്യൂക്ലിയര്‍ പ്ലാന്റിനേക്കാളുമോ അധികം അപകടകാരിയാണ്. വലിയ രീതിയിലുള്ള നിശ്ശബ്ദ കൊലയാളിയായി നമ്മുടെയരികില്‍ ഇപ്പോഴും നിലകൊള്ളുന്നുണ്ട്. ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടേ മതിയാവൂ. കമ്മിറ്റികളുടെ ശുപാര്‍ശയില്‍ ഒരു പ്രതിവിധി മാത്രമേ നിര്‍ദ്ദേശിക്കുന്നുള്ളൂ. ഒന്നുകില്‍ സി.എഫ്.എല്‍., എഫ്.എല്‍ ഉത്പാദനം നിരോധിക്കുക. അല്ലെങ്കില്‍ അവ റീസൈക്ലിങ്ങ് ചെയ്ത് അതേ മെര്‍ക്കുറിതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുക. പക്ഷേ, അതിന് ഇതുവരെയായിട്ടും യാതൊരു ശ്രദ്ധയും കൊടുത്തുകാണുന്നില്ല. മുന്‍സിപ്പല്‍ വേസ്റ്റുകളില്‍ സി.എഫ്.എല്‍, എഫ്.എല്‍ ഇവ തരം തിരിച്ചു മാറ്റാന്‍ നടപടികളില്ല. തരം തിരിച്ചാല്‍ തന്നെ സി.എഫ്.എല്‍ കള്‍ തിരിച്ച് എടുക്കാന്‍ അവ നിര്‍മ്മിക്കുന്ന കമ്പനികള്‍ തയ്യാറാവേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, നിയമങ്ങള്‍ ഇപ്പോള്‍ ഉണ്ടാവുമായിരിക്കും. പ്രായോഗികമായി ഇന്ന് ആരും അത് ചെയ്തുകാണുന്നില്ല. നിയമം കര്‍ക്കശമാക്കുന്നതിലൂടെയോ, വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ വകുപ്പുകള്‍ രൂപപ്പെടുത്തിയോ കമ്പനികളെക്കൊണ്ട് പുതിയ മെര്‍ക്കുറി ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണം. അപ്പോള്‍ അവര്‍ പഴയ സി.എഫ്.എല്‍. റീസൈക്ലിങ്ങിനായി തിരിച്ചെടുക്കും. ഈ കാര്യത്തില്‍ എല്ലാ സര്‍ക്കാരുകളും മാധ്യമ, രാഷ്ട്രീയ, സാമൂഹിക സംഘടനകളും അടിയന്തരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതുപോലെ സാധാരണ ജനങ്ങളില്‍ ഇതിന്റെ അപകടം മനസ്സിലാക്കിച്ച് അത് വേണ്ടരീതിയില്‍ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയും സേവനദൗത്യ വും ഏറ്റെടുത്ത് സി.എഫ്.എല്‍. വിതരണം നടത്തിയ കെ.എസ്.ഇ.ബി. തന്നെയല്ലാതെ മറ്റാരാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്?. ജനങ്ങളുടെയും വൈദ്യുതിബോര്‍ഡിന്റെയും താല്‍പര്യങ്ങള്‍ക്കു വേണ്ടി ഈ ദൗത്യം വൈദ്യുതി ബോര്‍ഡ് തന്നെ ഏറ്റെടുക്കുന്നതായിരിക്കും നല്ലത്. പഴയ സി.എഫ്.എല്ലുകളും എഫ്.എല്‍.കളും വൈദ്യുതി ഓഫീസുകളില്‍ പ്രതേ്യകം സജ്ജീകരിച്ചിട്ടുള്ള പാത്രങ്ങളില്‍ നിക്ഷേപിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും സുരക്ഷിതമായ രീതിയില്‍ അവ റീസൈക്ലിങ്ങ് സെന്ററുകളില്‍ എത്തിക്കുകയും ചെയ്യുന്ന ജോലി യാതൊരു അധിക ബാധ്യതയുമില്ലാതെ ജീവനക്കാര്‍ക്ക് ചെയ്യാന്‍ കഴിയും. ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രിയുടെയും വൈദ്യുതി ബോര്‍ഡ് മെമ്പര്‍മാരുടെയും, ഗവണ്‍മെന്റിന്റെയും നേതൃത്വവും ഊര്‍ജ്ജവും പകര്‍ന്ന് നല്‍കിയാല്‍ ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ടെത്താനാവും. കടപ്പാട്: കേരള പവര്‍, ജൂണ്‍ 2012

സി എഫ് മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തല്‍

കേരള സംസ്ഥാന വൈദ്യുതി ബോർഡ്  വൈദ്യുതി ലാഭിക്കാൻ വിതരണം നടത്തിയ കോടിക്കണക്കിന് സി എഫ് എൽ വിളക്കുകൾ സമൂഹത്തിന്  ഭീഷണിയാകുന്നുവെന്ന വാർത്ത മലയാളികൾ ഞെട്ടലോടെയാണ് കേൾക്കുന്നത്.ഉത്തരവാദപ്പെട്ട സർക്കാർ സ്ഥാപനം നല്കിയ ബൾബുകൾ നാടിന് ഭീഷണിയാകുമെന്ന് എങ്ങനെ സാധാരണ പൗരൻ കരുതും.സി എഫ് എൽ ബൾബുകളിൽ നിന്നുള്ള മെർക്കുറി മലിനീകരണം തടയാൻ കഴിയാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുവാനാനിട.ശാസ്ത്രീയ പഠനം നടത്താതെ ചെയ്ത നടപടിയും തീരുമാനവും കാരണം ഒരു സമൂഹം മുഴുവനായി അതിന്റെ ദോഷം അനുഭവിക്കാൻ ഇസവരാൻ പാടില്ല.വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാൻ എന്നപേരിൽ പഴയ ബൾബുകൾ തിരിചെടുത്താണ് ബോർഡ് സി എഫ് എല് ബൾബുകൾ വിതരണം നടത്തിയത്.ഈ സാഹചര്യത്തിൽ കേടായ സി എഫ് എൽ ബൾബുകൾ തിരിച്ചെടുത്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നത്തിനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ :

http://wakeup-world.com/2012/05/06/understanding-the-dangers-of-compact-fluorescent-light-bulbs/